പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും സഹായ ഹസ്തങ്ങൾ
നീട്ടുന്നുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർഥന മാനിച്ച് എല്ലാവരും
ആത്മാർഥമായി സഹകരിക്കുന്നത് സന്തോഷകരമാണെന്നും സഹകരണം – ടൂറിസം മന്ത്രി
കടകംപള്ളി സുരേന്ദ്രൻ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് അവശ്യ
സാധനങ്ങൾ അയക്കുന്നതിന്റെ ഫഌഗ് ഓഫ് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു
അദ്ദേഹം.

നാടിന്റെ പല ഭാഗത്തുനിന്നും വലിയ സഹായമാണു പ്രിയദർശിനി ഓഡിറ്റോറിയത്തിൽ
തുറന്ന കളക്ഷൻ സെന്ററിലേക്ക് ഒഴുകിയെത്തിയത്. അഞ്ചു ട്രക്ക് നിറച്ച്
സാധനങ്ങൾ വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ 64 ദുരിതാശ്വാസ
ക്യാമ്പുകളിലായി നാലായിരത്തിലേറെ പേർ കഴിയുന്നുണ്ട്. ഇവർക്ക് ആവശ്യമുള്ള
സാധനങ്ങളും എത്തിച്ചുകഴിഞ്ഞു. ദക്ഷിണ വ്യോമസേന നൽകിയ സഹായം
വിലമതിക്കാനാവാത്തതാണ്. അതിനു സംസ്ഥാന സർക്കാരിനു വേണ്ടി നന്ദി
അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.