എന്‍.ടി.പി.സിയുടെ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു

ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാര്‍ വൈദ്യുതി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ടത്തിന് സമര്‍പ്പിച്ചു. പരമ്പരാഗത ഊർജ സ്രോതസ്സുകളിൽ നിന്നും വഴി മാറി രാജ്യം ഹരിത ഊർജ വിപ്ലവത്തിലേക്കു കടക്കുകയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമര്‍പ്പണം നിര്‍വഹിച്ച പ്രധാനമന്ത്രി പറഞ്ഞു.

ഊർജ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്‍റെ ഭാവി സുസ്ഥിരതയ്ക്ക് ഏറെ പ്രധാനമാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം
ഊര്‍ജ്ജനഷ്ടം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കായംകുളത്തതിനു പുറമേ തെലുങ്കാനയിലെ രാമ​ഗുണ്ടത്ത് നിര്‍മിച്ച 100 മെ​ഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

എന്‍.ടി.പി.സിയില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ചിങ്ങോലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. സജിനി, എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ എസ്.കെ. റാം, എം. ബാലസുന്ദരം, മുകേഷ് ഠാകൂർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച ഉജ്വല്‍ ഭാരത്, ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതി ഉപഭോക്താക്കളുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചു.