വയനാട് ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്തിന്റെ 405 പദ്ധതികള്‍ക്കായി 68.18 കോടിയുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. കല്‍പ്പറ്റ നഗരസഭയുടെ 255 പദ്ധതികള്‍ക്കായി 18.58 കോടി രൂപയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ 246 പദ്ധതികള്‍ക്കായി 23.57 കോടി രൂപയുടെയും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ 283 പദ്ധതികള്‍ക്കായി 26.69 കോടി രൂപയുയെും തവിഞ്ഞാല്‍ പഞ്ചായത്തിന്റെ 267 പദ്ധതികള്‍ക്കായി 32.39 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2022-23 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു. 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ആഗസ്റ്റ് 3ന് ചേരുന്ന ആസൂത്രണ സമിതി യോഗം വിലയിരുത്തി അംഗീകാരം നല്‍കും. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.