സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ്‌ മത്സരവും ഉൾപ്പെടുത്തും

കോവിഡ് മൂലം രണ്ട് വർഷമായി മുടങ്ങിക്കിടന്നിരുന്ന കലോത്സവങ്ങളും കായിക മത്സരങ്ങൾ ഈ വർഷം മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തിന് ശേഷം സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി.
ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹത്തിന് മന്ത്രി അനുവാദം നൽകിയത് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പെൺകുട്ടികളെ ആവേശത്തിലാക്കി. സ്കൂൾ കായിക മേളയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ്‌ മത്സരം ഉൾപ്പെടുത്തുമെന്നും ഇതിനുള്ള ഉത്തരവ് ഉടൻ ഇറക്കുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയപ്പോൾ ഹാളിൽ കൈയടികൾ മുഴങ്ങി.
കോവിഡിനെ തുടർന്ന് പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം വെട്ടിക്കുറച്ചിരുന്നു. തങ്ങൾക്കും ക്രിക്കറ്റ് കളിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ 15 പെൺ കുട്ടികൾ ചേർന്ന് മന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു.

പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം വിദ്യാർത്ഥികളാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പഠിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം ഏർപ്പെടുത്തി പഠനം ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളം. രാജ്യത്തിന് തന്നെ ഇത് മാതൃകയായതാണെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പരിസരത്തെ മയക്കുമരുന്ന് വിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മിഠായിയുടെ രൂപത്തിൽ ലഭിക്കുന്ന മയക്കുമരുന്നുകൾ കുട്ടികൾ
ഉപയോഗിക്കുന്നത് രക്ഷാകർത്താക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.