നാഷണല്‍ സാമ്പിള്‍ സര്‍വ്വെയുടെ 79ാമത് സര്‍വ്വെ ജോലികള്‍ ആരംഭിച്ചു. 2023 ജൂണ്‍ 30 വരെയാണ് കാലാവധി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 24 വാര്‍ഡുകളില്‍ നടത്തുന്ന സര്‍വേ കേരളത്തില്‍ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തുന്നത്. 2030 ല്‍ രാജ്യം കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികകള്‍ തയ്യാറാക്കുന്നതിനു വേണ്ടി ആരോഗ്യം, കുടിവെള്ളം, ശുചിത്വ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍, ടെലഫോണ്‍, സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗം, ബാങ്ക് അക്കൗണ്ടുളള മുതിര്‍ന്നവരുടേയും സ്ത്രീകളുടേയും വിവരങ്ങള്‍, ജനനം രജിസ്റ്റര്‍ ചെയ്ത അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ശരാശരി ദൈര്‍ഘ്യം, ഔപചാരിക അനൗചചാരിക വിദ്യാഭ്യാസത്തിലും പരിശീലനത്തിലും യുവാക്കളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം, പൊതു ഗതാഗത സൗകര്യം തുടങ്ങിയ വിവരങ്ങള്‍ സര്‍വ്വേയിലൂടെ ശേഖരിക്കപ്പെടും.

ആഗോള സുസ്ഥിര വികസന സൂചികകളുടെ അടിസ്ഥാനത്തിലുളള വിവരങ്ങള്‍ സിഎഎംഎസ് സര്‍വെയിലൂടെയും ആയുഷ് ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആയുഷ് സര്‍വ്വേയിലൂടെയും ശേഖരിക്കും. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് ഉപയോഗിക്കുന്നത്. സര്‍വ്വേക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപിക്കുമ്പോള്‍ ശരിയായയും പൂര്‍ണ്ണമായതുമായ വിവരങ്ങള്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.