കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിച്ചു. ഖാദി ഓണം മേളയിലെ ആദ്യ വില്പന കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബില്‍ നിന്നും ജില്ല വനിത മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ട് എം വാസന്തി ഏറ്റുവാങ്ങി.

ഖാദി ബോര്‍ഡ് വയനാട് ആദ്യമായി വിപണിയിലിറക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ട്, ചുരിദാര്‍ ടോപ്പ് എന്നിവയുടെ ലോഞ്ചിങ്ങും സമ്മാന കൂപ്പണ്‍ വിതരണവും ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം ആയിഷ, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് . പി.തോമസ്, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ കെ രാജേഷ്, എന്‍ ജി.ഒ സംഘ് ജോയിന്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍, ഖാദി ഗ്രാമോദ്യോഗ് ഭവന്‍ മാനേജര്‍ പി.എച്ച് വൈശാഖ്, കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ പി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

ഓണം ഖാദി മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്ക് 1,00,000 രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. പുത്തന്‍ ഫാഷനുകളിലെ ഖാദി വസ്ത്രങ്ങളും വിവിധ തരം ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണിയിലിറക്കിയാണ് ഇത്തവണ ഓണത്തെ വരവേല്‍ക്കാന്‍ ഖാദി ബോര്‍ഡ് എത്തുന്നത്.

കോട്ടണ്‍ ഷര്‍ട്ടുകള്‍, കോട്ടണ്‍ സാരികള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, ബെഡ് ഷീറ്റുകള്‍, കാര്‍പ്പെറ്റുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍, ഉന്നകിടക്കകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളായ മരചക്കിലാട്ടിയ നല്ലെണ്ണ, തേന്‍, സോപ്പ് ഉല്‍പ്പന്നങ്ങള്‍, സ്റ്റാര്‍ച്ച് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. ഖാദി മേളയുടെ ഭാഗമായി ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണും ഒരുക്കിയിട്ടുണ്ട്. സമ്മാന കൂപ്പണുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. മാനന്തവാടി ബ്ലോക്ക് കെട്ടിടം, കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാള്‍, പനമരം ഖാദി ഗ്രാമ സൗഭാഗ്യ, പുല്‍പ്പള്ളി ഖാദി നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലും സെപ്തംബര്‍ 7 വരെ ഓണം ഖാദി സ്പെഷ്യല്‍ മേള നടക്കും.

പരിചയപ്പെടാം ആസാദി ബ്രാന്‍ഡും

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓണം ഖാദി മേളയില്‍ ആസാദി ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ച് ഖാദി ബോര്‍ഡ്. പുല്‍പ്പള്ളി ഭൂതാനം നെയ്ത്‌കേന്ദ്രത്തില്‍ നിന്നാണ് ആസാദി ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ വില്‍പ്പനക്ക് എത്തിക്കുന്നത്. ചുരിദാര്‍ ടോപ്പുകളാണ് ആദ്യഘട്ടത്തില്‍ വിപണനം നടത്തുന്നത്. വയനാട് ജില്ലയിലെ ഖാദി ഷോറൂമുകളില്‍ മാത്രമാണ് ഇവ ലഭ്യമാകുക. കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുളളവരെ ലക്ഷ്യമിട്ടുളള ആസാദി ബ്രാന്‍ഡില്‍ 890 രൂപ മുതല്‍ 950 വരെയാണ് ചുരിദാര്‍ ടോപ്പുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. റിബേറ്റും ലഭ്യമാണ്.