തിരുവനന്തപുരം ജില്ലയിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എ.ഡി.എം
വി.ആർ. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ
കൊച്ചിയിൽ നിന്നും ഇന്ധനം എത്തിക്കാൻ കഴിയുന്നില്ലെന്ന വാർത്ത
സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്
അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സമൂഹ മാധ്യമങ്ങലിൽ വാർത്ത പരന്നതോടെ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ
വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചില പമ്പുകളിൽ ഇന്ധനം തീർന്നു. എല്ലാ
പമ്പുകളിലും നാളെ രാവിലെ (ഓഗസ്റ്റ് 18) ഇന്ധനം എത്തിക്കുമെന്നും
ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികൾ ജില്ലാ ഭരണകൂടത്തെ
അറിയിച്ചിട്ടുണ്ട്.
ഇന്ധനം കരുതാൻ പമ്പ് ഉടമകൾക്കു നിർദേശം
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ സ്വകാര്യ വാഹനങ്ങൾ
വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം
നിറയ്ക്കുന്നതിനു മുൻഗണന നൽകണമെന്നും കരുതൽ ശേഖരമായി ഓരോ പമ്പുകളും
കുറഞ്ഞത് 3000 ലിറ്റർ ഡീസലും 1000 ലിറ്റർ പെട്രോളും കരുതണമെന്നും പമ്പ്
ഉടമകളോടു ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശിച്ചു. നിർദേശം
പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷൻ 56 പ്രകാരം ഒരു വർഷത്തേക്ക്
തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്.