കാലവര്‍ഷം വീണ്ടും ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി അഡ്വ. എ. രാജ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ദേവികുളം ആര്‍ ഡി ഒ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ദേവികുളം താലൂക്ക് പരിധിയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍, മണ്ണിടിച്ചില്‍, മരണം തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തി. ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തുകളിലും താലൂക്ക് പരിധിയിലാകെയും സ്വീകരിച്ചിട്ടുള്ള നടപടികളും ഇനി സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളും യോഗം വിലയിരുത്തി. അടിയന്തിരഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ സജ്ജമാക്കേണ്ട സൗകര്യങ്ങള്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങള്‍, പഞ്ചായത്തുതലത്തിലുള്ള ആര്‍ ആര്‍ റ്റി കളുടെ പ്രവര്‍ത്തനം, ഇനിയും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍, വിവിധ മേഖലകളിലെ മൊബൈല്‍ കവറേജ് പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തി. മണ്ണിടിച്ചില്‍ പോലുള്ള അപകടഘട്ടങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ സജ്ജമാക്കി വയ്ക്കുവാന്‍ യോഗം പ്രാദേശിക ഭരണകൂടങ്ങള്‍ക്കും മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ദേവികുളം ഗ്യാപ്പ് റോഡിന്റെ നിലവിലുള്ള സ്ഥിതിയും യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യമുണ്ടായാല്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഉണ്ടാകേണ്ട ഏകോപനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യോഗം നിര്‍ദ്ദേശിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ ദേവികുളത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 04865264231 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഇതിനു പുറമെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്. ദേവികുളത്ത് നടത്തിയ യോഗത്തില്‍ സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ദേവികുളം തഹസീല്‍ദാര്‍ യാസര്‍ഖാന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം, വൈദ്യുതി വകുപ്പ്, റവന്യൂ, ബി എസ് എന്‍ എല്‍ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ പങ്കെടുത്തു.