കല്‍പ്പറ്റ: പുഴയെടുത്ത വഴികള്‍ തിരിച്ചുപിടിച്ച് പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെട്ട ആയിരങ്ങളിലൊരുവനായി കെ.ആര്‍ രംജിത്ത്. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കെ.എല്‍ 73 ബി 8764 ജീറ്റോ മഹീന്ദ്ര പിക്കപ്പ് വാഹനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാണ് പുല്‍പ്പള്ളി ചീയമ്പം കൂടത്തില്‍ വീട്ടില്‍ രംജിത്ത് ദുരന്തമുഖത്ത് വ്യത്യസ്തനായത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞുള്ള ഓട്ടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാത്രമാക്കിയിരിക്കുകയാണി യുവാവ്. നാടൊന്നാകെ ദുരിതത്തിലായിരിക്കുമ്പോള്‍ പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള സഹായം ഈ യുവാവിനെ വേറിട്ട് നിര്‍ത്തുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വാഹനങ്ങള്‍ ആവശ്യമുണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകള്‍ നിരന്തരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉടന്‍, വാഹനവുമായി കളക്ടറേറ്റില്‍ എത്തിയത്. വയനാട് ജീപ്പ് ക്ലബ്ബിന്റെ വാഹനങ്ങളും കളക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഊഴവും കാത്തുകിടക്കുന്നു. എത്തിപ്പെടാന്‍ പ്രയാസമുള്ള ദുര്‍ഘട മേഖലകളിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുപോവുകയാണിവര്‍. നാല്‍പതോളം ഓഫ്‌റോഡ് വാഹനങ്ങളുള്ള ജീപ്പ് ക്ലബ്ബിന്റെ 12 ജീപ്പുകള്‍ വ്യാഴാഴ്ച മാത്രം സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വെള്ളിയാഴ്ച സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ നിന്നുള്ള ആറെണ്ണമടക്കം പത്തോളം വാഹനങ്ങള്‍ ഊഴം കാത്ത് കളക്ടറേറ്റ് വളപ്പിലുണ്ട്. ഒട്ടേറെ വ്യക്തികളും വാഹനങ്ങള്‍ സൗജന്യമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
