കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാടൊന്നാകെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍ കളക്ടറേറ്റില്‍ ഹാം റേഡിയോ സംവിധാനം. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ഹാംസ് ക്ലബ്ബ് പാരലല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍ വി.എം തമ്പിയുടെ നേതൃത്വത്തിലാണ് കളക്ടറേറ്റില്‍ ബേസ് സ്റ്റേഷനൊരുക്കിയത്. മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും സബ് സ്റ്റേഷനുകളുണ്ട്. വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാര്‍ത്താവിനിമയ ഉപാധികളും താറുമാറായാല്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരെ കളക്ടറേറ്റുമായി ബന്ധപ്പെടാന്‍ ഈ സംവിധാനം സഹായിക്കും. ചെങ്ങന്നൂര്‍, ചാലക്കുടി എന്നിവിടങ്ങളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളത്താല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഹാം റേഡിയോ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമോയെന്ന കാര്യം ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. ഇതര ജില്ലകളില്‍ നിന്നു വയനാട് കളക്ടറേറ്റിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ. രാജകീയ വിനോദമെന്നറിയപ്പെടുന്ന ഹാം റേഡിയോയുടെ വയനാട് ക്ലബ്ബില്‍ മുപ്പത്തഞ്ചോളം അംഗങ്ങളുണ്ട്. മതപരമായകാര്യങ്ങള്‍, ബിസിനസ് പ്രമോഷന്‍, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്റ്റ് തുടങ്ങിയവ ഒഴികെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചര്‍ച്ച ചെയ്യാം. മേശപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ റേഡിയോ സ്റ്റേഷന്‍ തന്നെയാണ് ഹാം വയര്‍ലസ് സെറ്റ് അഥവാ ട്രാന്‍സീവര്‍ (ട്രാന്‍സ്മിറ്ററും റിസീവറും ചേര്‍ന്നത്). ഇതില്‍ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. വെരി ഹൈ ഫ്രീക്വന്‍സിയിലാണ് വയനാട് ഹാംസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. 144 മുതല്‍ 146 മെഗാ ഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി. 12 വയസ് കഴിഞ്ഞ ആര്‍ക്കും പരീക്ഷയെഴുതി ഹാം റേഡിയോ ഓപറേറ്ററാവാം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയര്‍ലെസ് പ്ലാനിംഗ് ആന്റ് കോ-ഓഡിനേഷന്‍ വിങാണ് ലൈസന്‍സിങ് അതോറിറ്റി. കേരളത്തില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള മോണിറ്ററിംഗ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കുള്ള പരീക്ഷ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 94477110289 എന്ന നമ്പറില്‍ ബന്ധപ്പെടാം.