കല്‍പ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയെ നേരിടുന്ന വയനാടിന് സൈന്യത്തിന്റെ സേവനം ആശ്വാസമായി. ജില്ലയില്‍ 149 സൈനികരാണ് ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. കനത്ത മഴ അല്‍പം ശമിച്ചതോടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി അവശ്യസാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നതിന്റെയും മറ്റും തിരക്കിലാണ് സൈന്യം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് സേവനം ആവശ്യമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കണ്ണൂര്‍ ഡി.എസ്.സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 84 സൈനികര്‍ ദുരിതബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ 10 മുങ്ങല്‍വിദഗ്ധരും എന്‍.ഡി.ആര്‍.എഫില്‍ നിന്ന് 55 പേരും ജില്ലയിലുണ്ട്. നാവികസേനയുടെ സംഘത്തെ ലെഫ്. കമാന്‍ഡര്‍ ഹര്‍ഷ് പാണ്ടെയും എന്‍.ഡി.ആര്‍.എഫിനെ കമാന്‍ഡര്‍ രാജന്‍ സാഹുവുമാണ് നയിക്കുന്നത്. ജില്ലയിലുണ്ടായിരുന്ന കണ്ണൂര്‍ ഏഴിമല നേവല്‍ബേസില്‍ നിന്നുള്ള 25 നാവികര്‍ മഴയ്ക്ക് അല്‍പം ശമനമായതോട തിരിച്ചു. കളക്ടറേറ്റ് കേന്ദ്രീകരിച്ച് രണ്ടു ജൂനിയര്‍ കമ്മീഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ആര്‍മിയുടെ പ്രവര്‍ത്തനം. മാനന്തവാടിയില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫിസര്‍ സംഘത്തെ നിയന്ത്രിക്കുന്നു. മാനന്തവാടി പായോട് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച എന്‍.ഡി.ആര്‍.എഫിന്റെ ഒരുസംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മഴ കുറഞ്ഞെങ്കിലും കോട്ടത്തറ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോവും വെള്ളത്തിനടിയിലാണ്. അവശ്യസാധനങ്ങള്‍ ഇവിടങ്ങളിലെത്തിക്കുന്നതിന്റെയും മറ്റും തിരക്കിലായിരുന്നു വെള്ളിയാഴ്ച നാവികസേനാംഗങ്ങള്‍. സേവനം ആവശ്യമായി വരുന്ന സാഹചര്യം അറിയിക്കുന്ന നിമിഷം തന്നെ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെല്‍ ലോക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നുണ്ട്.
