കല്‍പ്പറ്റ: ജില്ലയിലെ മഴക്കെടുതികള്‍ക്ക് അറുതിയില്ല. കാലവര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ കനത്ത നഷ്ടമാണ് വയനാടിന് ഉണ്ടായിരിക്കുന്നത്. വെള്ളം കയറിയ സ്ഥലങ്ങളില്‍ ജലനിരപ്പ് താഴുംവിധം മഴയ്ക്ക് ശമനമുണ്ടായിട്ടില്ല. കനത്ത മഴയില്‍ ഏറ്റവുമധികം ഉരുള്‍ പൊട്ടിയ ജില്ലകളില്‍ ഒന്നുകൂടിയാണ് വയനാട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും ശക്തമായ മണ്ണിടിച്ചിലുണ്ടായത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍പേര്‍ വെള്ളിയാഴ്ചയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 7596 കുടുംബങ്ങളില്‍ നിന്നായി 27,167 പേര്‍ ഇപ്പോഴും ക്യാമ്പുകളിലുണ്ട്. മാനന്തവാടിയിലെ പായോടും കുഴിനിലത്തും വള്ളിയൂര്‍ക്കാവിലും റോഡില്‍ വെള്ളക്കെട്ട് നിറഞ്ഞതിനാല്‍ തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മാനന്തവാടി പിലാക്കാവില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞു. പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ദുരിതാശ്വസാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട് ജില്ലയുടെ മുന്‍ കളക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കൂടി ജില്ലയില്‍ നിയോഗിച്ചു. തമിഴ്നാട്ടില്‍ നിന്നും ഡോക്ടര്‍മാരുടെ ഒരു സംഘം കൂടി ജില്ലയിലെത്തി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കാരാപ്പുഴ ഡാം ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. മഴ കുറഞ്ഞതോടെ ഇതില്‍ ഒന്നും രണ്ടും നമ്പര്‍ ഷട്ടറുകള്‍ വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ യഥാക്രമം 15, 20 സെന്റിമീറ്ററായി കുറച്ചു. മാനന്തവാടി ടൗണില്‍ പലയിടത്തും വെള്ളക്കെട്ടാണ്. ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ ന്യൂമാന്‍സ് കോളജില്‍ വെള്ളം കയറി താമസക്കാരെ വിന്‍സെന്റ് ഗിരിയിലേക്ക് മാറ്റി. മാനന്തവാടിയില്‍ പായോട് അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായി. ഗതാഗതം പലയിടത്തും ഇപ്പോഴും ദുഷ്‌ക്കരമാണ്. നിരവില്‍ പുഴ – മാനന്തവാടി റൂട്ടിലും പടിഞ്ഞാറത്തറ – തരുവണ റൂട്ടിലുമാണ് ഏറ്റവുമധികം യാത്രക്ലേശം അനുഭവപ്പെടുന്നത്. കുറ്റ്യാടി ചുരം വഴി വാഹനങ്ങള്‍ ഓടുന്നില്ല. വടക്കേവയനാട്ടില്‍ പ്രധാനറൂട്ടുകളില്‍ വളരെ കുറച്ച് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, താമരശ്ശേരി ചുരത്തില്‍ ലക്കിടി മുതല്‍ അടിവാരം വരെ ഗതാഗതതടസ്സമില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
