ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് അന്ധകാരനഴി പൊഴി, തോട്ടപ്പള്ളി സ്പില്‍ വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ സന്ദര്‍ശനം നടത്തി.

ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ഷട്ടറുകള്‍ വഴിയുള്ള നീരൊഴുക്ക് ക്രമീകരിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് സുഗമമാക്കുന്നതിന് ആവശ്യമെങ്കില്‍ പൊഴിച്ചാലിന്റെ ആഴം കൂട്ടണം. തോട്ടപ്പള്ളിയിലും തണ്ണീര്‍മുക്കത്തും ജലം സുഗമമായി ഒഴുകി മാറുന്നുണ്ട്. അന്ധകാരനഴിയിലെ പൊഴി മുറിയ്ക്കല്‍ അവസാന ഘട്ടത്തിലാണ്.

നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സ്ഥിതി ഇല്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിത ദിലീപ്,
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, പട്ടണക്കാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷ പുഷ്പ രെജിമോന്‍, അംഗങ്ങളായ രാജേഷ്, ജാസ്മിന്‍, വില്ലേജ് ഓഫീസര്‍ ജിനു ഡൊമിനിക്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.