ദേശീയ കുഷ്ഠരോഗ നിര്‍മാജ്ജനത്തിന്റെ ഭാഗമായി ‘സ്നേഹസ്പര്‍ശം’ പ്രത്യേക ത്വക്ക് രോഗ പരിശോധന ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും നേതൃത്വത്തില്‍ പ്രത്യേക കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ക്യാമ്പയിന്‍ തുടങ്ങിയത്. 2015 മുതല്‍ 2022 വരെ ജില്ലയിലെ 25 ആദിവാസി കോളനികളില്‍ പരിശോധന നടത്തിയതില്‍ 48 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി രോഗിയുമായി സമ്പര്‍ക്കമുള്ളവരെ നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ‘സ്നേഹസ്പര്‍ശം’ ക്യാമ്പയിന്റെ ലക്ഷ്യം. ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. കുഷ്ഠരോഗം തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ, അടുത്ത സമ്പര്‍ക്കത്തിലൂടെയോ മറ്റൊരാളിലേക്ക് പകരാം. രോഗലക്ഷണം പ്രകടമാകാന്‍ കുറഞ്ഞത് രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയും കൂടിയത് നാല്‍പ്പത് വര്‍ഷം വരെയാണ് പ്രകടമാകാന്‍ കാലമെടുക്കുന്നത്. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് പകര്‍ച്ച തടയാനും പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാനും സാധിക്കും. രോഗം നേരത്തെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സാധിച്ചില്ലെങ്കില്‍ അംഗവൈകല്യം വരെ സംഭവിക്കാം.
കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗി കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹാ സൈതലവി അധ്യക്ഷത വഹിച്ചു. കുഷ്ഠരോഗം നിര്‍ണ്ണയത്തില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ അമ്പലവയല്‍ പി.എച്ച്.സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ബാബുവിനെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ ടി.എന്‍. ഷൈനി, പി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് നേഴ്സുമാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.