ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വീടുകളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി ജി.ആർ അനിൽ

കനത്ത മഴയെ തുടർന്ന് ജില്ലയിലെ മലയോര മേഖലയായ വിതുര പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നവർക്ക് തങ്ങളുടെ വീടുകളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വിതുര ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബോണക്കാട്,മക്കി, തള്ളച്ചിറ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ കുടുംബങ്ങളിലെ 35 പേരെയാണ് ദുരിതാശ്വാസക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്.

ക്യാമ്പിൽ കഴിയുന്നവർ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സംതൃപ്തരാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ സ്വന്തം വീടുകളുടെ സുരക്ഷാ കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലാർ മീൻമുട്ടിയിൽ എത്തിയ വിനോദ സഞ്ചാരികൾ കുടുങ്ങിയ കല്ലാർ ഇക്കോ ടൂറിസം മേഖലയും സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്.