വികസന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഡി. കെ മുരളി എം.എല്‍.എ

കല്ലറ ഗ്രാമ പഞ്ചായത്തിലെ തെങ്ങുംകോട് നാലുസെന്റ് കോളനിയിലെ സാംസ്‌കാരിക നിലയത്തിന്റെയും ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. പുതുതലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനകരമാണ് ജിംനേഷ്യം ഉള്‍പ്പെടുന്ന സാംസ്‌കാരിക നിലയമെന്ന് എം.എല്‍.എ പറഞ്ഞു. ആരോഗ്യ ക്ഷമത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യപരമായ ജീവിത രീതി അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും കല്ലറ ഗ്രാമപഞ്ചായത്ത് അതിനായി പരിശ്രമിക്കുന്നുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 6.7 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ യുവജന ക്ഷേമ ഫണ്ട് ഉപയോഗിച്ച് ജിംനേഷ്യത്തിനാവശ്യമായ ഉപകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വൈകാതെ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കും. കെട്ടിടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ കലാ- സാംസ്‌കാരിക – കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്രമായി സാംസ്‌കാരിക നിലയത്തെ ഉയര്‍ത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജിംനേഷ്യത്തില്‍ പരിശീലകനെ നിയമിച്ച് വൈകാതെ പ്രദേശവാസികള്‍ക്ക് തുറന്ന് നല്‍കും.