ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. 50 ഗ്രാമ പഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുറമറ്റം, ഏനാദിമംഗലം, കടമ്പനാട് ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വാര്‍ഷികപദ്ധതി സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മൂന്നിന് ആയിരുന്നു. പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിലയിരുത്തി.

വ്യക്തിഗത ആനുകൂല്യ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്നതിനുള്ള ആസൂത്രണ ഗ്രാമസഭകള്‍ അടിയന്തിരമായി ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ത്രിതല ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തണം. പാസാക്കിയ പദ്ധതികളുടെ നിര്‍വഹണം അടിയന്തിരമായി നടപ്പാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം, ബ്ലോക്ക് പഞ്ചായത്തുകളായ പുളിക്കീഴ്, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂര്‍, റാന്നി, പന്തളം, കോയിപ്രം, കോന്നി, ഗ്രാമപഞ്ചായത്തുകളായ മൈലപ്ര, വടശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ, ആറന്മുള, ചിറ്റാര്‍, ഏഴംകുളം, പന്തളം തെക്കേക്കര, കോഴഞ്ചേരി, മല്ലപ്പള്ളി, തണ്ണിത്തോട്, തുമ്പമണ്‍, മെഴുവേലി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, റാന്നി പെരിനാട്, റാന്നി അങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, കുളനട, വള്ളിക്കോട്, ചെറുകോല്‍, ഇലന്തൂര്‍, നാരങ്ങാനം, അയിരൂര്‍, എഴുമറ്റൂര്‍, കോയിപ്രം, അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, ആനിക്കാട്, കൊറ്റനാട്, കോട്ടാങ്ങല്‍, കുന്നന്താനം, ഏറത്ത്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, നാറാണാംമൂഴി, റാന്നി, റാന്നി പഴവങ്ങാടി, സീതത്തോട്, വെച്ചൂച്ചിറ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.