തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ’യ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വിപുലമായ ഒരുക്കം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയപതാക ഉയര്‍ത്തുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തും. ഇതിനാവശ്യമായ പതാകകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ജില്ലയില്‍ വിവിധ ബ്ലോക്കുകളിലായി 30 കേന്ദ്രങ്ങളിലാണ് പതാകകളുടെ നിര്‍മ്മാണം നടക്കുന്നത്. ഒന്നരലക്ഷത്തോളം ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ ഒരുലക്ഷം പതാകകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഇന്ന് (ആഗസ്റ്റ് ആറ്) മുതല്‍ വിതരണം ആരംഭിക്കും. വിദ്യാര്‍ഥികളിലൂടെ വീടുകളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍, കോളേജുകള്‍ വഴി പതാകകള്‍ വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും പതാകകള്‍ വാങ്ങാം.
സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷനില്‍ രാവിലെ ദേശീയപതാക ഉയര്‍ത്തും. ജീവനക്കാരുടെ ദേശഭക്തിഗാനാലാപനവും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയാകും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് പന്ത്രണ്ടിന് സിവില്‍ സ്റ്റേഷന്‍ ജീവക്കാര്‍ക്കായി സ്വാതന്ത്ര്യസമര ചരിത്രത്തെ അധികരിച്ച് പ്രശ്നോത്തരിയും സംഘടിപ്പിക്കും.