കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് തീര്‍പ്പാക്കിയത് 5159 ഫയലുകള്‍. തിങ്കളാഴ്ച മുതല്‍ നടന്ന പ്രത്യേക ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 4763 ഫയലുകളും ഇന്നലെ നടന്ന ജില്ലാതല അദാലത്തില്‍ 396 ഫയലുകളുമാണ് തീര്‍പ്പാക്കിയത്. ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ റവന്യു വകുപ്പില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ജില്ലയ്ക്കാണ്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്ത് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സേവനം ചെയ്യുകയായിരിക്കണം ഉദ്യോഗസ്ഥരുടെ പ്രഥമ ലക്ഷ്യമെന്നും കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിലൂടെ പൊതുജന നന്മയാണ് ലക്ഷ്യമാക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ജീവനക്കാരെ കലക്ടര്‍ അഭിനന്ദിച്ചു.
വില്ലേജ്, താലൂക്ക്, റവന്യു ഡിവിഷന്‍ തലങ്ങളില്‍ അദാലത്ത് നടത്തിയതിന് ശേഷമാണ് കലക്ടറേറ്റില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിച്ചത്. അടുത്തതായി ലാന്റ് റവന്യു കമ്മീഷണറേറ്റിലും മന്ത്രി തലത്തിലും അദാലത്ത് നടക്കും.മിച്ചഭൂമിയുടെ പട്ടയപ്പകര്‍പ്പുകള്‍ക്കായി രണ്ടു വര്‍ഷമായി അപേക്ഷകള്‍ നല്‍കി കാത്തിരുന്ന ഏഴു പേര്‍ക്ക് ചടങ്ങില്‍ ജില്ലാകലക്ടര്‍ പട്ടയപ്പകര്‍പ്പുകള്‍ കൈമാറി. ബന്ധപ്പെട്ട ഫയലുകള്‍ റിക്കാര്‍ഡ് റൂമില്‍ നിന്നും കണ്ടെത്താനും കണ്ടെത്തിയവയില്‍ താലൂക്കുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കാനും ഉള്ള താമസമാണ് ഈ ഫയലുകള്‍ കെട്ടിക്കിടക്കാനിടയാക്കിയത്. അപേക്ഷകരില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയാണ് ഇവര്‍ക്ക് പകര്‍പ്പ് അനുവദിച്ചത്. പട്ടയപ്പകര്‍പ്പുകള്‍ നഷ്ടപ്പെട്ടതിനാല്‍ ലോണ്‍ ലഭിക്കുന്നതിനും വസ്തുവില്‍പ്പനക്കും രജിസ്ട്രേഷനും പ്രയാസമനുഭവിക്കുകയായിരുന്ന ഇവര്‍ക്ക് ഇതോടെ ആശ്വാസം ലഭിക്കും.
മിച്ചഭൂമി കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഏറനാട് താലൂക്ക് ലാന്റ് ബോര്‍ഡില്‍ നല്‍കിയ ഏഴ് പരാതികള്‍ പരിഹരിച്ച് കേസില്‍ നിന്നും ഒഴിവാക്കിയ രേഖകളും ചടങ്ങില്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ നികുതി അടക്കാനോ ഭൂമി വില്‍പ്പന നടത്താനോ സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു ഇവര്‍.
ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റെജില്‍, അന്‍വര്‍ സാദത്ത്, ടി. മുരളി, എസ്. ഹരികുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവര്‍ പങ്കെടുത്തു.