ഖാദി തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍
‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖാദി ബോര്‍ഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഓണം ഖാദി മേള 2022’ ജില്ലാതല ഉദ്ഘാടനം ദേവസ്വം, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ആധുനിക കാലത്ത് ഖാദി മേഖലയെ എപ്രകാരം ശക്തിപ്പെടുത്താം എന്ന തിരിച്ചറിവാണ് ഇത്തരം മേളകളെന്ന് മന്ത്രി പറഞ്ഞു. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും തൊഴിലാളികള്‍ക്ക് ലാഭവും കിട്ടണം. തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കി അവരെ ഈ മേഖലയില്‍ തന്നെ പിടിച്ചുനിര്‍ത്താനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകള്‍ വേണം. ഖാദിയുടെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായിട്ടുള്ള ഖാദി മേഖലയെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഖാദി ബോര്‍ഡിനാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
ഖാദിത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉള്‍പ്പെടെ ഓണത്തിനുമുമ്പ് നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഖാദിയുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നവീകരണത്തിന് വിധേയമാക്കിയും മേഖലയെ സംരക്ഷിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. കോവിഡ് കാലത്ത് തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. മേഖലയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഫലപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഖാദി വസ്ത്ര പ്രചരണം സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ വ്യാപാരത്തില്‍ ഉണര്‍വുണ്ടാക്കിയെന്നും ഖാദി വ്യവസായത്തിന് ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുതിയ ഡിസൈനിലുള്ള ഉല്‍പന്നങ്ങള്‍ പുറത്തിറക്കുകയാണ് ബോര്‍ഡ്. കുഞ്ഞുടുപ്പ് മുതല്‍ നൂതന രീതിയിലുള്ള തുണിത്തരങ്ങള്‍ വരെ ഇന്ന് ഖാദി തയ്യാറാക്കുന്നുണ്ട്. മേഖലയില്‍ നവീകരണം നടപ്പാക്കിവരികയാണ്. ഗുണമേന്മയുള്ള ഖാദിവസ്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കും. ആഗസ്റ്റ് 15ന് എല്ലാ ജില്ലകളിലും ഖാദി ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരിലേയ്ക്കും ഖാദി ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ബോര്‍ഡ് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മേളയുടെ ആദ്യ വില്‍പനയും സമ്മാന കൂപ്പണ്‍ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.
ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രമെന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയ്ക്ക് വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് കൂടുതല്‍ കരുത്തോടെ ഖാദി വിപണിയിലെത്തുന്നത്. പട്ടുസാരികള്‍, കോട്ടണ്‍ സാരികള്‍, ചുരിദാര്‍ ടോപ്പുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കാവി മുണ്ടുകള്‍, ഡബ്ബിള്‍ മുണ്ടുകള്‍, തോര്‍ത്തുകള്‍, ചവിട്ടികള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍ എന്നിവയ്ക്ക് പുറമെ പ്രകൃതിദത്തമായ തേന്‍, എള്ളെണ്ണ, സ്റ്റാര്‍ച്ച് മുതലായ ഉല്‍പന്നങ്ങളും ലഭ്യമാണ്. ജില്ലയിലെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളില്‍ നിന്നും ഉല്‍പന്നങ്ങള്‍ ലഭിക്കും. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ 7 വരെ ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30% ഗവ.റിബേറ്റ് ഉണ്ടായിരിക്കും.
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ എ രതീഷ്, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് സി ബി ഗീത, ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ എസ് സജീവ് എന്നിവര്‍ പങ്കെടുത്തു.