151 വള്ളങ്ങള്‍ പത്തനംതിട്ടയില്‍
നാടാകെ അനുഭവിക്കുന്ന ദുരിതത്തിന് തൊഴില്‍ പോലും മാറ്റിവച്ച് സഹായത്തിന്റെ സമാനതകളില്ലാത്ത മാതൃക തീര്‍ക്കുകയാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കും പത്തനംതിട്ട ജില്ലയിലേക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും 151 മത്സ്യബന്ധന യാനങ്ങള്‍ ഇതുവരെ വിട്ടു നല്‍കി. എല്ലാ യാനങ്ങളിലുമായി ആകെ 675 മത്സ്യത്തൊഴിലാളികള്‍ സന്നദ്ധ സേവനം നല്‍കി വരുന്നു. വാടി, മൂതാക്കര, നീണ്ടകര, ആലപ്പാട് തുടങ്ങിയ മേഖലകളിലുള്ളവര്‍ മുഖ്യതൊഴില്‍ ഉപാധിയായ വള്ളങ്ങള്‍ വിട്ടു നല്‍കിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇവര്‍.
വ്യാഴാഴ്ച്ച രാത്രി 29 യാനങ്ങള്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവ ഇന്നലെ (ഓഗസ്റ്റ് 17) പുലര്‍ച്ചെയും ഉച്ചയ്ക്കും ലോറികളില്‍ കയറ്റി അയക്കുകയായിരുന്നു. മത്സ്യസംഘങ്ങള്‍ വിട്ടു നല്‍കിയ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയിട്ടുണ്ട്.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സബ്കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ, അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രതീപ്കുമാര്‍, മത്സ്യഫെഡ് മാനേജര്‍ എം.എസ്. പ്രശാന്ത് കുമാര്‍ തുടങ്ങിയവരാണ് മത്സ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്. 151 വള്ളങ്ങള്‍ ഇതിനകം വിട്ടു നല്‍കിയതായും ആവശ്യമെങ്കില്‍ കൂടുതല്‍ എണ്ണം വിട്ടുനല്‍കുമെന്നും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് ഭരണസമിതിയംഗം എച്ച്. ബെയ്‌സില്‍ലാല്‍ ഹ്യൂബര്‍ട്ട് അറിയിച്ചു.