തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് “ലെക്ശ രെക്കെ” ( ലക്ഷ്യമാകുന്ന ചിറകിൽ പറക്കാം) ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സബ് കളക്ടർ ആർ. ശ്രീലക്ഷ്മി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്കുമായി സഹകരിച്ചാണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. വാസു പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ടി.ഇ.ഒ ബാബു എം പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, കേരള ബാങ്ക് പ്രതിനിധി കെ.എൻ. നിഷാദ്, സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ ടി.വി. സായി കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി തുടങ്ങിയവർ സംസാരിച്ചു. ഷാജൻ ജോസ് വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകി. സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.