ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം
മന്ത്രി നിര്‍വഹിച്ചു

ഖാദി പ്രചരണത്തില്‍ ജനങ്ങള്‍ പങ്കാളികളാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഓണം ഖാദി മേള 2022’ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഒരു മേഖലയായി ഖാദി മാറിയതായും അതിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഓണക്കാലത്ത് ഓരോ വീട്ടിലും ഒരു ഖാദി ഉല്‍പന്നം എന്ന ലക്ഷ്യമിട്ട് പുതിയ ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും വിപണിയിലിറക്കിയിരിക്കുകയാണ് ഖാദി ബോര്‍ഡ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം മേളകളില്‍ ലഭ്യമായിരിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേഴ്‌സിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മെഗാനറുക്കെടുപ്പില്‍ 10 പവന്‍ വരെ സ്വര്‍ണ സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കായി ആകര്‍ഷകമായ സമ്മാന പദ്ധതികളും ഖാദി ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ ഏഴ് വരെയാണ് ജില്ലയില്‍ ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്.

മലപ്പുറം നഗരസഭ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ആദ്യ വില്‍പ്പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തു. ഖാദി ബോര്‍ഡ് അംഗം എസ്.ശിവരാമന്‍ ചുരിദാര്‍ ടോപ്പ് ലോഞ്ചിങ് നടത്തി. ഖാദിബോര്‍ഡ് ഡയറക്ടര്‍ കെ.പി ദിനേഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, കോഴിക്കോട് സര്‍വോദയ സംഘം എച്ച്. ഒ മാനേജര്‍ ശ്വാം പ്രസാദ്, വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ എസ്. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.