അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ജില്ലയിലെ ആറ് താലൂക്കുകളില്‍ 289 ദുരിതാശ്വാസ ക്യാമ്പുകളിലായി 35853 ആളുകള്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ 42 ക്യാമ്പുകളിലായി 6000 പേരും മല്ലപ്പള്ളിയില്‍ 23 ക്യാമ്പുകളിലായി 993 പേരും കോന്നിയില്‍ 34 ക്യാമ്പുകളില്‍ 3742 പേരും അടൂരില്‍ 17 ക്യാമ്പുകളില്‍ 2300 പേരും റാന്നിയില്‍ 32 ക്യാമ്പുകളില്‍ 3818 പേരും തിരുവല്ലയില്‍ 141 ക്യാമ്പുകളില്‍ 19000 പേരും കഴിയുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും 10 വാഹനങ്ങളിലായി എത്തിച്ച ഭക്ഷണസാധനങ്ങള്‍ ആര്‍.ടി.ഒ നല്‍കിയ പത്ത് ബസുകളിലും അഞ്ച് ജീപ്പുകളിലുമായി തഹസില്‍ദാര്‍മാര്‍ മുഖേന ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. സതേണ്‍ നേവല്‍ കമാന്‍ഡ് മുഖേന എത്തുന്ന 15 ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ പത്തനംതിട്ടയില്‍ സംഭരിച്ച് വിതരണം ചെയ്യും. സിനിമാ സംവിധായകന്‍ ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ എത്തിച്ച 1500 ഭക്ഷണപൊതികള്‍ കിടങ്ങന്നൂര്‍ വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലും 3500 ഭക്ഷണപൊതികള്‍ തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വിതരണം ചെയ്തു. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന 27 പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും അടിയന്തരവൈദ്യസഹായം എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.