പരൂര്‍ക്കുന്നിലെ 72 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശരേഖകള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ കൈമാറി. ഇതോടെ പരൂര്‍ക്കുന്നിലെ സ്വന്തം ഭൂമിയില്‍ ഇനി ഇവര്‍ക്ക് പുതുജീവിതം തുടങ്ങാം. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് 72 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കിയത്. വൈത്തിരി താലൂക്കിലെ തെക്കുംപാടി, ചീപ്രം, കരിമത്തുവയല്‍, പാലമംഗലം, മൂത്തേടം, അടുവാടി, ഞാണുമ്മല്‍, വാളംവയല്‍, കണ്ണിപ്പുളപ്പ്, കുപ്പാടി പുഴകുന്ന്, മലങ്കര, ഉണ്ണിക്കല്‍, ചാഴിവയല്‍, കൈപ്പാടം തുടങ്ങിയ കോളനികളില്‍ നിന്നുള്ള ആദിവാസി കുടുംബങ്ങള്‍ക്കാണ് തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍ക്കുന്നിലെ 10 സെന്റ് വീതം ഭൂമിക്ക് അവകാശ രേഖയായത്. ഇവര്‍ക്കായുള്ള വീട് നിര്‍മ്മാണ പുരോഗതിയിലാണ്. കോളനിയിലേക്ക് ടാറിട്ട റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി നല്‍കും.