ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന പഞ്ചായത്തുകളിലൊന്നായ നൂല്‍പ്പുഴയില്‍ എ.ബി.സി.ഡി ക്യാമ്പയിന്‍ മാതൃകയായി. ക്യാമ്പില്‍ 25 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 2171 വ്യക്തികള്‍ക്കുള്ള വിവിധ സേവനങ്ങള്‍ നല്‍കി. അപേക്ഷകളിന്മേല്‍ തത്സമയം നടപടികള്‍ കൈക്കൊണ്ടു. ആഗസ്റ്റ് 4 മുതല്‍ 7 വരെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ നൂല്‍പ്പുഴയില്‍ നടന്നത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പയിനില്‍ നല്‍കി. ജില്ലാ ഭരണകൂടത്തിന്റെയും സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ഐ ടി വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് എന്നിവയുടെ അഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് അതേദിവസം തന്നെ നടപടി സ്വീകരിച്ചു.
ക്യാമ്പില്‍ നല്‍കിയ സേവനങ്ങള്‍. റേഷന്‍ കാര്‍ഡ് വിഭാഗം 242, ആധാര്‍ സേവനങ്ങള്‍ 949, ഇലക്ഷന്‍ ഐഡി 745,
ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് 271, മരണ സര്‍ട്ടിഫിക്കറ്റ് 3, ബാങ്ക് അക്കൗണ്ട് 399, ആരോഗ്യ ഇന്‍ഷ്യുറന്‍സ് നഷ്ടപ്പെട്ടത് 82, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 400, ഇ-ഡിസ്ട്രിക്റ്റ് 138, ഡിജി ലോക്കര്‍ 2120 എന്നിങ്ങനെയാണ് സേവനങ്ങള്‍ ലഭ്യമാണ്. തുടര്‍ നടപടികള്‍ ആവശ്യമായ കാര്യങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.
ക്യാമ്പിന്റെ ഭാഗമായി മാതമംഗലം ചോയിമൂല കോളനിയിലെ നട്ടെല്ലിന് പരിക്ക്പറ്റി കിടപ്പിലായ അരുണിന് ആധാര്‍ കാര്‍ഡ് സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു.
