രാവിലെ എട്ടുമണിയോടെ ജലം ഒഴുക്കിവിടാൻ സാധ്യത
കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 757.34 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. ഇതേ തോതിൽ മഴ തുടരുകയാണെങ്കിൽ ഡാമിന്റെ റെഡ് അലർട്ട് ലെവലായ 757.50 മീറ്റർ എത്താനിടയുണ്ട്. ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും ഇന്ന് (ആഗസ്ത് 9 ) രാവിലെ എട്ട് മണി മുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് KSEB തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് ഓറഞ്ച് അലർട്ട് മാറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ (ഓഗസ്റ്റ് 9) രാവിലെ എട്ടു മണി മുതൽ ജലസംഭരണിയിൽനിന്നും ഘട്ടം ഘട്ടമായി ഷട്ടർ ഒരു അടിവരെ ഉയർത്തി 25 ഘനമീറ്റർ / സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കി വിടും. പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.