സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’യോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി കുടുംബശ്രീ തയാറാക്കിയ പതാകയുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. സ്‌കൂളുകൾ വഴിയുള്ള ദേശീയ പതാകയുടെ വിതരണോദ്ഘാടനം കോട്ടയം ഗവൺമെന്റ് ടൗൺ എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേശീയ പതാക കൈമാറി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു.
ില്ലയിൽ കുടുംബശ്രീ രണ്ടുലക്ഷം ദേശീയപതാകയാണ് വിതരണം ചെയ്യുക. 30X20 ഇഞ്ച് അളവിലുള്ള പതാകയ്ക്ക് 30 രൂപയാണ് വില. ജില്ലയിലെ സ്‌കൂളുകൾക്കു പുറമേ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും കുടുംബശ്രീ ദേശീയപതാക എത്തിക്കും. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 32 തയ്യൽ യൂണിറ്റുകളാണ് പതാക നിർമിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള കിടങ്ങൂർ അപ്പാരൽ പാർക്ക് കോമൺ ഫെസിലിറ്റി സെന്റർ മുഖേന തയ്യൽ യൂണിറ്റുകൾക്കുള്ള വസ്തുക്കൾ വാങ്ങി നൽകിയാണ് പതാക നിർമിച്ചത്.
ജില്ലയിലെ 11 ബ്ലോക്കുകളിലായി വിവിധ യൂണിറ്റുകൾ തയ്ക്കുന്ന പതാക കുടുംബശ്രീ ജില്ലാമിഷൻ മുഖേനെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സ്‌കൂളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെത്തിക്കും. ദേശീയ പതാക ആവശ്യമുള്ള സ്ഥാപനങ്ങളുടേയും വീടുകളുടേയും പട്ടിക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ മുഖേന കുടുംബശ്രീ ജില്ലാ മിഷനിൽ അറിയിക്കും. ഇതനുസരിച്ചാണ് പതാക എത്തിക്കുക. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറായ ബിനു ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഹെഡ്മാസ്റ്റർ എ.ഡി. പ്രീത എന്നിവർ പങ്കെടുത്തു.