കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുട്ടുചിറ ഇല്ലിക്കുളം അങ്കണവാടിക്ക് സമീപം നിർമ്മിച്ച കുട്ടികളുടെ പാർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ഉദ്ഘാടനം ചെയ്തു.
4.3 ലക്ഷം രൂപ ചെലവഴിച്ച് മൂന്നര സെന്റ് സ്ഥലത്താണ് പാർക്ക് നിർമിച്ചിരിക്കുന്നത്. സീസോ, മെറിഗോ റൗണ്ട് , ഊഞ്ഞാൽ, എന്നിവ പാർക്കിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇല്ലിക്കുളം അങ്കണവാടി ജീവനക്കാർക്കാണ് പാർക്ക് പരിപാലനത്തിന്റെ ചുമതല.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എലിസബത്ത് , കെ.എസ്. സുമേഷ്, ശാന്തമ്മ രമേശൻ , പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.