ജില്ലയില്‍ യു.എച്ച് .ഐ.ഡി കാര്‍ഡ് വിതരണവും ഇ ഹെല്‍ത്ത് പദ്ധതിയും  വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ ഒപി, ഫാര്‍മസി തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇ-ഹെല്‍ത്തുമായി ബന്ധിപ്പിക്കണം. എം എല്‍ എ ഫണ്ട്  ഉപയോഗിച്ചു    പദ്ധതി നടപ്പിലാക്കിയ ആശുപത്രികളുടെ ഉദ്ഘാടനം ആഗസ്ത് 30  നകം പൂര്‍ത്തിയാക്കണമെന്നും  കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 37- ഓളം ആരോഗ്യകേന്ദ്രങ്ങളാണ് ഇ-ഹെല്‍ത്ത് കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ജില്ലയിലെ ഇ-ഹെല്‍ത്ത് ആശുപത്രികളുടെ പ്രവര്‍ത്തനവും യോഗത്തില്‍ വിലയിരുത്തി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇ ഹെല്‍ത്ത് അവലോകന യോഗത്തില്‍   ഇ ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ പി പി പ്രമോദ് കുമാര്‍, ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയര്‍ ശ്യാംജിത്  എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഇ ഹെല്‍ത്ത് നടപ്പാക്കിയ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജിലെ ഇ-ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍  യോഗത്തില്‍  സംബന്ധിച്ചു.