മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയുടേയും വിദ്യാഭ്യാസ പുരോഗതിയുടേയും ഗ്രാഫില്‍ കേരളം ഒന്നാമതാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന താരഹാരം പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അദ്ദേഹം അനുമോദിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ ഏറ്റവും നവീനമായ ആശയങ്ങള്‍ രൂപം കൊള്ളുന്ന നാടായി കേരളം മാറുകയാണ്. സംസ്‌കാര സമ്പന്നനായ ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ജീവിതത്തില്‍ ഉദാത്തമായ ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കൂടി നമുക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണല്‍ എന്‍.എം വിമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ഗവാസ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി ഡോ. പി.എം അനില്‍, സമഗ്ര ശിക്ഷ ജില്ലാ കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കിം, സി.എം.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഡ്യുകെയര്‍ കോര്‍ഡിനേറ്റര്‍ വി പ്രവീണ്‍ കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.