– കക്കാട് കടവ് തൂക്കുപാലം യഥാര്‍ത്ഥമായി

 

നാലു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് കക്കാട് കടവ് തൂക്കുപാലത്തിന്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി ഗ്രൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണിത്. 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ കൊടുത്ത് ലോകത്തിനു മുമ്പില്‍കേരളം ഒരു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 27 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് കക്കാട് തൂക്കുപാലം.

 

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂര്‍ മംഗലശ്ശേരി പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പാലത്തിന്റെ ഉദ്ഘാടനത്തോടെ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് യാഥാര്‍ത്ഥ്യമായത്.

 

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ് മുഖ്യാതിഥിയായി. എല്‍.എസ.ജി.ഡി കോഴിക്കോട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. കെ.പി ചാന്ദിനി, മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ അബ്ദുല്‍ മജീദ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല, മുക്കം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പന, അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വി. കുഞ്ഞാലി, മുക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ വിനോദ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ജി. അബ്ദുല്‍ അക്ബര്‍, മുക്കം നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഫീഖ് മാടായി, കെ. ടി ശ്രീധരന്‍, കെ. മോഹനന്‍  മാസ്റ്റര്‍, കെ.പി അഹമ്മദ്ക്കുട്ടി, ടി.കെ സാമി, ജെയ്‌സണ്‍ കുന്നേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

 

ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. ജനപ്രതിനിധികളും, പ്രദേശവാസികളും പങ്കെടുത്ത പരിപാടിയില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പി. ടി ബാബു സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇതിയാസ് നന്ദിയും പറഞ്ഞു.