സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ ആടിയും പാടിയും മതിമറന്ന് കോഴിക്കോട്. ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിലാണ് സ്വാതന്ത്ര്യം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ ഒത്തുകൂടിയത്.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രീഡം ഈവ് കാണാനും ആസ്വദിക്കാനുമായി വൻ ജനാവലിയാണ് കോഴിക്കോട് ബീച്ചിലെത്തിയത്. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുമുള്ള കലാകാർ കൂടി കലാവിരുന്നുമായി ഒത്തുചേർന്നപ്പോൾ കോഴിക്കോട് ബീച്ച് ഉത്സവലഹരിയിലായി.

 

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന ഏടുകൾ കോർത്തിണക്കിയൊരുക്കിയ സംഗീത നൃത്ത ദൃശ്യാവിഷ്കാരം കാണികൾക്ക് വേറിട്ട അനുഭവമായി മാറി.ഗാന്ധിജിയും നെഹ്റുവും ഭഗത് സിംഗുമൊക്കെ വേദിയിലെത്തിയത് സ്വാതന്ത്ര്യസമരത്തിന്റെ നേർചിത്രമാണ് സമ്മാനിച്ചത്.ദാണ്ടിയ നൃത്തവുമായെത്തിയ കലാകാരികൾക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ കുരുന്നുകളും ആടിത്തിമിർത്തു.

പൊതുജനങ്ങൾക്ക് പരിപാടികൾ അവതരിപ്പിക്കാനായി ഓപ്പൺ മൈക് എന്ന പേരിൽ അവസരം ഒരുക്കിയിരുന്നു. കൊച്ചു കലാകാരികളും കലാകാരന്മാരും ഓപ്പൺ മൈക്കിലൂടെ പാട്ടും ആട്ടവുമായെത്തി. വിവിധ കോളേജുകളിൽ നിന്നുള്ള മ്യൂസിക് ബാന്റുകളുടെ പ്രകടനം കൂടിയായപ്പോൾ സംഗീത പ്രേമികളും ആവേശത്തിലായി.

 

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികളെ അണിനിരത്തി ഭട്ട് റോഡ് ബീച്ചിലെ മണലിൽ 75 ന്റെയും ത്രിവർണ്ണ പതാകയുടെയും മാതൃകയിൽ ഹ്യുമൻ ഫോർമേഷനും ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണ്ണഛായങ്ങളിൽ ഫ്രീഡം വാളിലൊരുക്കിയ സ്വാതന്ത്ര്യ സ്‌മൃതികൾ ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഢി പ്രകാശനം ചെയ്തു. അശോകസ്തൂപവും ദേശീയ ചിഹ്നങ്ങളും, ദണ്ഡിയാത്രയും, കോഴിക്കോട് ബീച്ചും മാനാഞ്ചിറയും, കലാരൂപങ്ങളും,ഇന്ത്യ ഗേറ്റും താജ്മഹലുമെല്ലാം ഫ്രീഡം വാളിൽ തെളിഞ്ഞു.ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസ് ഓഫ് കോഴിക്കോടിലെ വിദ്യാർത്ഥികൾക്കായി രംഗോലി മത്സരവും ഹെറിട്ടേജ് വാക് എന്ന പേരിൽ ട്രഷർ ഹണ്ടും ഒരുക്കിയിരുന്നു. ജില്ലാ കലക്ടറുടെ ഇൻറ്റെണുകളാണ് പരിപാടികൾ കോർഡിനേറ്റ് ചെയ്തത്.

ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി, എ ഡി എം സി. മുഹമ്മദ്‌ റഫീഖ്, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി എന്നിവർ പരിപാടിക്ക് ആശംസയുമായെത്തി.