രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ചെറുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിഘടന വാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ ഐക്യബോധത്തോടെയും ആര്‍ജ്ജവത്തോടെയും പരാജയപ്പെടുത്തേണ്ടത് കാലഘട്ട ത്തിന്റെ അനിവാര്യതയാണ്. സന്തുലിതമായ വികസനമാണ് ഭരണകൂടങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. വികസ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ മാത്രമാണ് അതൊരു ജനാധിപത്യ വികസനമായി മാറുക. കാര്‍ഷിക വളര്‍ച്ചയില്‍ ഊന്നിയ വികസനമാണ് രാജ്യത്തിന് അഭികാമ്യം. വികസനത്തിന്റെ സത്ഫലങ്ങള്‍ ഗ്രാമീണ ഭവനത്തില്‍ കൂടി എത്തിച്ചേരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വികസിത രാഷ്ട്രമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണണമായ നാളുകളിലൂടെ രാജ്യം കടന്നുപോയപ്പോഴെല്ലാം ഐതിഹാസിക പോരാട്ടങ്ങള്‍ക്കിറങ്ങിയ നാടാണ് വയനാട്. പഴശ്ശിയുടെയും ആദിവാസി ഗോത്രവിഭാഗങ്ങളുടെയും അതിശക്തമായ ചെറുത്ത് നില്‍പ്പിന്റെയും ത്യാഗങ്ങളുടെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ നമുക്ക് പ്രചോദനമാവണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ സ്വാതന്ത്യദിന സന്ദേശത്തില്‍ പറഞ്ഞു.