ജില്ലയില്‍ സ്വാതന്ത്ര്യം ദിനം സമുചിതമായി ആഘോഷിച്ചു

എല്ലാവരേയും ഉള്‍ക്കൊള്ളാനാവുന്ന വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാളുടെ മുഴുവന്‍ കഴിവുകളും സാക്ഷാത്ക്കരിക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് വിശാല അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവുമാണ് നമ്മുടെ ഭരണഘടനയുടെ കരുത്ത്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റേയും കടമയാണ്. ആ കടമ നിര്‍വ്വഹിക്കാന്‍ നമുക്ക് കഴിയണമെന്ന ഓര്‍മ്മപ്പെടുത്തലാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഉറപ്പാക്കുന്നിടത്ത് മാത്രമേ ഓരോ പൗരനും മുന്നോട്ടു പോകാനാകൂ. അവിടെയാണ് സര്‍വ്വതല സ്പര്‍ശിയായ സമഗ്രവികസനമെന്ന കേരളത്തിലെ സര്‍ക്കാരിന്റെ നയം പ്രസക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

കെ. കേളപ്പന്റെയും, മൊയ്തു മൗലവിയുടെയും, പി. കൃഷ്ണപ്പിള്ളയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ ത്യാഗഭരിതമായ സമരങ്ങളുടെ ഓര്‍മ്മകള്‍ ഈ നാടിന്റെ രാഷ്ട്രീയ ബോധവും സാമൂഹിക ചിന്തയും നിര്‍ണ്ണയിക്കുന്നുണ്ട്. മാതൃഭൂമിക്കായി പടപൊരുതിയ എല്ലാവരുടേയും ഓര്‍മ്മകളെ കരുത്താക്കി രാജ്യത്തിന് മുന്നോട്ടു പോകാനാകേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രാവിലെ 9ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയ പതാക ഉയര്‍ത്തി ജില്ലയുടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വിവിധ പ്ലാറ്റൂണുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ബേപ്പൂര്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി.ഷിജിത്ത് പരേഡ് നയിച്ചു. കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യൂ റിസര്‍വ് എസ്.ഐ പി. മുരളീധരന്‍ സെക്കന്‍ഡ് ഇന്‍ കമ്മാന്‍ഡറായി.ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റി ആന്‍ഡ് റൂറല്‍, സിറ്റി ലോക്കല്‍ പോലിസ്, വനിതാ പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, കേന്ദ്രീയ വിദ്യാലയ, എം.എസ്.പി ബാന്‍ഡ് ടീം തുടങ്ങിയ വിഭാഗങ്ങളിലായി 26 പ്ലാറ്റൂണുകള്‍ അണിനിരന്നു. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനി കെ. കേളപ്പന്റെ ബന്ധുക്കളെ ആദരിച്ചു. അത്തോളി വെല്ലൂര്‍ ജി.എം യു.പി.എസ്, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, ബാലുശ്ശേരി ഡാസിലിങ് ഡാന്‍സ് അക്കാദമി, ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് ഗേള്‍സ് സ്‌കൂള്‍, നരിക്കുനി ജി.എച്ച്.എസ്.എസ്, പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

 

ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എം.എല്‍.എ മാരായ ടി.പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ജില്ലാ പോലിസ് മേധാവിമാരായ എ. അക്ബര്‍, ആര്‍. കറുപ്പസാമി, ഡെപ്യുട്ടി പോലിസ് കമ്മീഷണര്‍ ഡോ.എ ശ്രീനിവാസ്, സിനിമാ താരം അബുസലീം, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.