സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരസേനാനി പി വാസുവിനെ ആദരിച്ചു. നായനാര്‍ ബാലികാസദനത്തില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു

ദരിദ്രരായവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഭാരതത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളികളെ അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ സമര സേനാനി പി വാസുവിനെ കലക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. രാജ്യത്തെ ആദരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് പി. വാസു പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ അഡ്വ.സി ജെ റോബിനേയും നായനാര്‍ ബാലികാസദനത്തിലെ കൂട്ടായ്മയായ മടിത്തട്ടിലെ മുതിര്‍ന്ന അംഗം ദേവിയേയും ചടങ്ങില്‍ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ച് നായനാര്‍ ബാലികാസദനത്തിലെ മഹാത്മാഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ അധ്യക്ഷനായിരുന്നു. നയനാര്‍ ബാലികാസദനം സൊസൈറ്റി പ്രസിഡണ്ട് ഡോ. വി.വി മോഹന്‍ ചന്ദ്രന്‍, എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. മിലി മോനി, യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം കെ ജയരാജ്, പ്രൊവിഡന്‍സ് കോളേജ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഷിജി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ സ്വാഗതവും നായനാര്‍ ബാലികാസദനം സൊസൈറ്റി സെക്രട്ടറി പ്രൊഫ.സി കെ ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് ബാലികാസദനത്തിലെ അംഗങ്ങളും മടിത്തട്ടിലെ അമ്മമാരും പ്രൊവിഡന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തില്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ദേശീയ പതാക ഉയര്‍ത്തി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫ. എം.സി. വസിഷ്ഠ് എന്നിവര്‍ സന്നിഹിതരായി.