ജി.സി.ഡി.എ ഓഫീസ് അങ്കണത്തിൽ
എം. കെ സാനു ദേശീയ പതാക ഉയർത്തി

ലക്ഷ്യത്തിൽ എത്തുന്നതുവരെ ഓരോ വ്യക്തിയും സ്വാതന്ത്ര്യബോധം മനസിൽ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്ന് പ്രൊഫ. എം. കെ സാനു പറഞ്ഞു. സമൂഹത്തിന്റെയും വ്യക്തിയുടെയും അഖണ്ഡതാ ബോധത്തോടെയാണു സ്വാതന്ത്ര്യ ബോധം സാധ്യമാകേണ്ടതെന്നും അദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) അങ്കണത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ സാമൂഹിക പുരോഗതിക്ക് വേഗത താരതമ്യേന കുറവാണ്. ഏകാധിപത്യവും ജനാധിപത്യവും ആമയും മുയലും തമ്മിലുള്ള ഓട്ട മത്സരം പോലെയാണ്. ഏകാധിപത്യം മുയലിനെ പോലെ കുതിച്ചാലും അവസാനത്തിൽ ജനാധിപത്യം ആമയെ പോലെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിക്കാം. ഓരോ പൗരനും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉറപ്പാകുന്നതുവരെ സ്വാതന്ത്ര്യം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിൽ ഉയർന്നുകേട്ട വിഭിന്ന ആശയങ്ങൾ സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലത്തിനു പ്രതീക്ഷ നൽകുന്നതായിരുന്നു. സ്വാതന്ത്ര്യ ബോധത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും സ്ത്രീ സ്വാതന്ത്ര്യവും സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.