മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ഉടന്‍:മന്ത്രി പി.രാജീവ്

തൃശൂര്‍ കോര്‍പ്പറേഷനെ സംസ്ഥാനത്തെ പ്രഥമ സംരംഭകസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ശക്തന്‍ ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു .

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 17300 സൂക്ഷ്മ – ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അറുപതിനായിരത്തിലധികം സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിക്കാനായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആത്മാര്‍ഥമായി പ്രയത്‌നിച്ചാല്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ മികച്ച രീതിയില്‍ ആരംഭിക്കാനാകും. ഈ നേട്ടം കൈവരിക്കുന്നതിനായി 1153 ഇന്റേണുകളെയാണ് സംസ്ഥാനത്ത് നിയമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് വൈകാതെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും മന്ത്രി നിര്‍വഹിച്ചു.

തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ശക്തന്‍ ആര്‍ക്കേഡില്‍ 5-ാം നിലയില്‍ 1000 സ്‌ക്വയര്‍ ഫീറ്റിലാണ് എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ലഭ്യമാകും. സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ നിയമിച്ചിട്ടുള്ള എട്ട് ഇന്റേണുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസും സംരംഭകര്‍ക്കാവശ്യമായ വിവരങ്ങളും അടിസ്ഥാന സേവനങ്ങളും നല്‍കുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു. 4512 പുതിയ സംരംഭക യൂണിറ്റുകളാണ് തൃശ്ശൂര്‍ ജില്ലയില്‍ ഇതിനകം ആരംഭിച്ചിട്ടുള്ളത്. 9687 തൊഴിലവസരങ്ങളും 241.23 കോടി രൂപയുടെ നിക്ഷേപവും ജില്ലയില്‍ കൈവരിക്കാനായി.
സംരംഭകര്‍ക്ക് ലൈസന്‍സ് സമയബന്ധിതമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം നടത്തുന്ന തദ്ദേശ സ്ഥാപനം എന്ന നിലയില്‍ സംരംഭകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു .

ചടങ്ങില്‍ ഡെപ്യുട്ടി മേയര്‍ രാജശ്രീ ഗോപന്‍ വിശിഷ്ടാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സണ്‍, കൗണ്‍സിലര്‍മാരായ മുകേഷ് കൂളപ്പറമ്പില്‍, അഡ്വ. അനീസ് അഹമ്മദ്, എ ആര്‍ രാഹുല്‍ നാഥ്, ഷീബ ജോയ്, രേഷ്മ ഹെമേജ്, വ്യവസായ വികസന ഓഫീസര്‍ കെ ബിനു തുടങ്ങിയവര്‍ സംസാരിച്ചു.