വ്യവസായ വാണിജ്യവകുപ്പിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാല ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ സംരംഭങ്ങള്‍ക്ക് ജില്ലയില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും മാറുന്ന കാലത്തിന് അനുസരിച്ചുള്ള സംരഭങ്ങള്‍ തുടങ്ങാന്‍ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും എം.എല്‍.എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷം കേരള സര്‍ക്കാര്‍ സംരഭക വര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദന, സേവന, കച്ചവട മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. വിവിധ വകുപ്പ് പ്രതിനിധികള്‍, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംരംഭ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ബന്ധപ്പെട്ട അധികൃതര്‍ നല്‍കി. ജില്ലയില്‍ 3687 യൂണിറ്റുകളും 14,000 തൊഴിലവസരങ്ങളും വ്യവസായ, കാര്‍ഷിക, മൃഗസംരക്ഷണ, ടൂറിസം മേഖലകളില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശില്‍പ്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ലോണ്‍ മേളയില്‍ സംരഭകര്‍ക്കായി അനുവദിച്ച ലോണ്‍, സബ്സിഡി എന്നിവയുടെ വിതരണവും അപേക്ഷ സ്വീകരിക്കലും നടന്നു. ‘ഉദ്യം’ രജിസ്ട്രേഷന്റെ ഭാഗമായി 7 സംരംഭകര്‍ക്ക് വ്യവസായ ലൈസന്‍സ് നല്‍കി.