രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക എന്നത് സാമൂഹിക നീതിയെ സംരക്ഷിക്കൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന സമിതി സ്വാതന്ത്രദിനത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പരിവർത്തനോൻമുഖമായ അടിസ്ഥാന സ്വഭാവമാണ് നമ്മുടെ ഭരണഘടനയെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം. അയിത്തം, തൊട്ടുകൂടായ്മ, ജാതി, മത വിവേചനം എന്നിവക്കെതിരായ നിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ന്യൂനപക്ഷ സംരക്ഷണം, പ്രാന്തവൽക്കരിക്കപ്പെട്ടവർക്കുള്ള പ്രത്യേക പരിഗണന, അവശ വിഭാഗങ്ങൾക്കുള്ള സംവരണം ഇവയെല്ലാം സാധ്യമാക്കിയ നിയമങ്ങൾ രാജ്യത്ത് രൂപപ്പെട്ടത് ഇതേ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഭരണഘടന സംരക്ഷിക്കുക എന്ന് പറയുന്നത് സാമൂഹികനീതി സംരക്ഷണം തന്നെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ ഭരണഘടനാ മൂല്യങ്ങളും ദേശീയ പ്രസ്ഥാനം മുറുകെ പിടിച്ച മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന പുതിയ സ്ഥിതിവിശേഷത്തിൽ ഭരണഘടനാ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുന്നതിന് ചരിത്രപരമായും സാമൂഹികമായും വലിയ മാനങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയത കൊണ്ട് സമൂഹത്തെ ഛിദ്രമാക്കാനും ഒരുമയെ ശിഥിലമാക്കാനുള്ള സിദ്ധാന്തം ആദ്യം പരീക്ഷിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കാൻ വേണ്ടിയായിരുന്നു അത്. ദശാബ്ദങ്ങളായി നാം മുറുകെ പിന്തുടരുന്ന ഹിന്ദു-മുസ്ലിം ഐക്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾക്കെതിരെ നിലകൊണ്ടവരാണ് രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വം, നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാൻ അവരുടെ പിൻമുറക്കാർ ഇന്ന് ശ്രമിക്കുകയാണ്. ഒരുമയോടെ നിൽക്കുമെന്ന പ്രതിജ്ഞയാണ് ഈ ഘട്ടത്തിൽ നാം എടുക്കേണ്ടത്.

ചാന്നാർ കലാപം, ശ്രീനാരായണഗുരുവിന്റെ വിഗ്രഹ പ്രതിഷ്ഠ, അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, പഞ്ചമിയുടെ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടം,  മലബാർ കലാപം, പുന്നപ്ര-വയലാർ സമരങ്ങൾ, ജൻമിത്വത്തിന് എതിരായി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ നിരവധി സമരങ്ങൾ എല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. പക്ഷേ ഇവയിൽ ചിലതിനെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നീതിയും സമത്വവും പൂർണ തോതിൽ നേടിയെടുക്കാൻ ഇനിയും നാം പോരാടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നു. കശ്മീരിലും ലക്ഷദ്വീപിലും അതിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടു.

ഇപ്പോൾ ഉയർന്നു വരുന്ന പ്രധാനപ്പെട്ട പ്രശ്‌നം സംസ്ഥാനങ്ങളെ ബാധിക്കുന്നതും അവയുടെ അധികാരപരിധിയിൽ വരുന്നതുമായ വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കരാറുകളിൽ ഏർപ്പെടുന്നതാണ്. സംസ്ഥാനത്തിന്റെ അഭിപ്രായം പോലും തേടാതെയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ സത്തയെ ഇല്ലാതാക്കും വിധം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.