പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) ഭാഗമായിട്ടാണ് വായ്പ മേള . സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നല്‍കാം.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.