ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി മഴവെള്ളം സംഭരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതു വഴി ജലസംരക്ഷണത്തിനായി ശാസ്ത്രീയ പദ്ധതികള്‍ തയാറാക്കും.

ജലജീവന്‍ പദ്ധതിയുടെ ജില്ലയിലെ നോഡല്‍ ഓഫീസറായി ഭൂജലവകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയറെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ജലശക്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു വകുപ്പിലെ വിവരങ്ങള്‍ ജെഎസ്എയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണം സ്വീകരിച്ചു കഴിഞ്ഞു.

കേന്ദ്ര സംഘത്തിന്റെ പദ്ധതി നിര്‍വഹണ പ്രദേശ  സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈമാസം 22 മുതല്‍ 24 വരെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ഭൂജല വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിജി തമ്പി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.