ഇരിങ്ങാലക്കുട നഗരസഭയുടെ കർഷകദിന ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആഘോഷിച്ചത്. മികച്ച 12 കർഷകരെ ചടങ്ങിൽ ആദരിച്ചു. കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗീത പി കാർഷിക സെമിനാർ നയിച്ചു.

കരുവന്നൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബിൻ സി സി , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

*മുരിയാട് ഗ്രാമപഞ്ചായത്ത് കർഷകദിനം ആചരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫലവൃക്ഷതൈ നനച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെയും വാർഡുകളിലെയും മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു .
മുരിയാട് കൃഷി ഓഫീസർ നികിത ഒ എം സ്വാഗതം ആശംസിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ ജോർജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് – വാർഡ് മെമ്പർമാർ, സഹകരണ ബാങ്ക് പ്രതിനിധികൾ, ക്ഷീരോത്പാദക സംഘം ഭാരവാഹികൾ, പാടശേഖര- കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലെ കർഷകർ ചടങ്ങിൽ പങ്കെടുത്തു. കർഷക ദിനത്തോടനുബന്ധിച്ച് ‘കൃഷിദർശൻ’ പരിപാടിയുടെ വിളംബരജാഥയും സംഘടിപ്പിച്ചു.