ആളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയ്ക്ക് സംസ്ഥാന സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’, ‘സുഭിക്ഷ കേരളം’ തുടങ്ങിയ പദ്ധതികളിലൂടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മാന്യമായ ആദായം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്- വാർഡ് തലങ്ങളിൽ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ആദരിച്ചു. നെൽ കർഷകൻ, ജൈവ കർഷകൻ, കർഷക വിദ്യാർത്ഥി, വനിതാ കർഷക തുടങ്ങി വിവിധ വിഭാഗത്തിൽ 35 ഓളം കർഷകർക്കാണ് ആദരവ് നൽകിയത്.

വിളപരിപാലനം വാഴകൃഷിയിൽ എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസി.പ്രൊഫസർ ഡോ. ഗവാസ് രാഗേഷ് സെമിനാർ നടത്തി. തുടർന്ന് മാള കൃഷിഭവൻ അസി.ഡയറക്ടർ ആർ സോണിയ ‘ഞങ്ങളും കൃഷിയിലേയ്ക്ക്’ കാർഷിക പദ്ധതിയുടെ വിശദീകരണം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞുരാൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈനി തിലകൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എം എസ് വിനയൻ, ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.