പത്തനംതിട്ട ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ സജ്ജരായി തിരുവനന്തപുരത്തെ ജീപ്പേഴ്‌സ് ക്ലബ്ബില്‍ നിന്നും പന്ത്രണ്ടോളം വരുന്ന അംഗങ്ങളെത്തി. സാധാരണ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ജീപ്പില്‍ ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാന്‍ തയാറായാണ് ഇവര്‍ എത്തിയത്. ആറു ജീപ്പുകളുമായി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടുവെങ്കിലും നാല് ജിപ്പുകള്‍ക്ക് മാത്രമാണ് എത്താന്‍ സാധിച്ചത്. കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, തുടങ്ങിയ സാധനങ്ങളുമായാണ് ജീപ്പേഴ്‌സ് ക്ലബ്ബ് എത്തിയത്. അന്‍പോട് ട്രിവാന്‍ഡ്രം എന്ന പേരില്‍ തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് ഇവര്‍ പത്തനംതിട്ടയ്ക്ക് കൈത്താങ്ങുമായി എത്തിയത്. ചെന്നീര്‍ക്കര, ഓമല്ലൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന ചുമതല ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
