കല്‍പറ്റ: നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന കേരളത്തിന്റെ അവസ്ഥയറിഞ്ഞ് ശാന്തകുമാരി എന്ന എഴുപതുകാരി കളക്ടറേറ്റില്‍ എത്തിയത് ഒരുലക്ഷം രൂപയുടെ സാധനങ്ങളുമായാണ്. തനിക്കറിയാത്ത ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം ചെയ്യാന്‍. ഭര്‍ത്താവ് നാരായണന്റെ മരണശേഷം എമിലിയിലെ വാടകവീട്ടില്‍ ഒറ്റക്കാണ് മക്കളില്ലാത്ത ശാന്തകുമാരിയുടെ താമസം. സഹോദരങ്ങളായ ശങ്കരനും മോഹനനുമാണ് ഏതാവശ്യങ്ങള്‍ക്കും എത്താറുള്ളത്. കണ്ണൂരായിരുന്നു സ്വദേശം. തളിപ്പറമ്പിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് വയനാട്ടിലെത്തിയവരാണ്. വീട് വിറ്റു ലഭിച്ച പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചു. അതില്‍ നിന്നെടുത്ത പണമാണ് ഈ സത്കര്‍മ്മത്തിനായി ഉപയോഗിച്ചത്. മൂന്ന് ദിവസങ്ങളായി നിരന്തരം വാര്‍ത്തകളില്‍ കാലവര്‍ഷ കെടുതികളാണ് കാണുന്നത്. ഈ ദിവസങ്ങളില്‍ രാത്രി ഉറക്കവും നഷ്ടപ്പെട്ടു. തന്നാലാവുന്നത് ദുരിതബാധിതര്‍ക്കായി ചെയ്യണമെന്ന തോന്നലിലാണ് സാധനങ്ങളെത്തിച്ചതെന്ന് ശാന്തകുമാരി പറഞ്ഞു. അയല്‍ക്കാരനായ പുത്തൂര്‍വയല്‍ ക്യാമ്പ് എസ്.ഐ അബു ഏലിയാസ് സാധനങ്ങള്‍ വാങ്ങാനും കളക്ടറേറ്റില്‍ എത്തിക്കാനും കൂടെയുണ്ടായുരുന്നു. 25 ചാക്ക് അരി, 10 ചാക്ക് സവാള, 2 ചാക്ക് പഞ്ചസാര, മസാലപൊടികള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി സാനിറ്ററി നാപ്കിനുകള്‍ വരെയുള്ള അവശ്യവസ്തുക്കളാണ് എത്തിച്ചത്. വാര്‍ദ്ധക്യത്തിലും മറ്റുള്ളവരുടെ ദുരിതത്തെ സഹായിക്കാന്‍ തയ്യാറായ ശാന്തകുമാരി നമുക്കെല്ലാം മാതൃകയാണ്. സഹജീവികളോടുള്ള ഈ സഹകരണം മനുഷ്യത്വത്തെ ശക്തിപ്പെടുത്തുകയാണ്. ഇതില്‍നിന്നും ഒന്നുറപ്പിക്കാം. കേരളം കരകയറുകതന്നെ ചെയ്യും.