തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന പെരുന്നാളിന്റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ്, റവന്യൂ, എക്സൈസ് കണ്‍ട്രോള്‍ റൂമുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. നിരീക്ഷണത്തിനായി 52 സി.സി. ടി.വി. കാമറകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. സെപ്റ്റംബര്‍ ആറു മുതല്‍ എട്ടുവരെ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. വനിത-മഫ്ടി പൊലീസ് സേവനവും ലഭ്യമാക്കും.
എക്സൈസ് നേതൃത്വത്തില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. എക്സൈസ് കണ്‍ട്രോള്‍ റൂം തുറക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ആംബുലന്‍സ് സേവനവും ലഭ്യമാക്കും. തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി.ക്ക് നിര്‍ദ്ദേശം നല്‍കി. മേഖലയിലെ വഴിവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക 15 സര്‍വീസ് നടത്തും. മറ്റു ജില്ലകളില്‍നിന്ന് പെരുന്നാള്‍ കാലയളവില്‍ സര്‍വീസ് നടത്തും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തുകളോടും മന്ത്രി നിര്‍ദ്ദേശിച്ചു.
പെരുന്നാള്‍ കാലയളവില്‍ പള്ളിയും പരിസരവും ഉല്‍സവ മേഖലയായും യാചക നിരോധന മേഖലയായി പ്രഖ്യാപിക്കാനും നടപടി സ്വീകരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍.