മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 28.11 കോടി രൂപ. ഈ സാമ്പത്തികവർഷം ജൂൺ 30 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 9,22,828 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രണ്ടാം പാദ അവലോകന യോഗം
(ദിശ) വിലയിരുത്തി.
ജില്ലയിൽ 52,509 കുടുംബങ്ങൾക്കായി ശരാശരി 17.57 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 1,36,274 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 36315 തൊഴിൽദിനങ്ങളും നൽകി. ജില്ലയിൽ അഞ്ചു കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കിയെന്നും യോഗം വിലയിരുത്തി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മിഷൻ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 25 സെന്റിനുമുകളിലുള്ള 39 കുളങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽ പുനരുദ്ധാരണപരിപാടികൾക്കായി ഏറ്റെടുത്തിട്ടുണ്ട്.
കുടിവെള്ളം ലഭ്യമല്ലാത്ത ജില്ലയിലെ അങ്കൻവാടികൾക്ക് ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി വാട്ടർ കണക്ഷൻ നൽകണമെന്നും അതിനുള്ള പട്ടിക കൈമാറണമെന്നും തോമസ് ചാഴികാടൻ എം.പി നിർദേശിച്ചു. ജലജീവൻ മിഷനുവേണ്ടി പൈപ്പു സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ പഴയരീതിയിലാക്കുന്നതിലുള്ള ഉത്തരവാദിത്തം ജല അതോറിട്ടി ഏറ്റെടുക്കണമെന്ന് എം.പി. പറഞ്ഞു.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം 138 പേർ പരിശീലനം പൂർത്തിയാക്കിയെന്നും ഇതിൽ 22 പേർക്ക് നിയമനം ലഭിച്ചു. പി.എം. കിസാൻ പദ്ധതിപ്രകാരം 2022 ഏപ്രിൽ ജൂലൈ കാലയളവിൽ 2,33,676 ഗുണയോക്താക്കൾക്കായി 32.81 കോടി രൂപ കൈമാറി.
ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണറും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.