മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗം വിധവകള്‍/വിവാഹ ബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍. കുടുംബത്തിന് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകയ്‌ക്കോ, അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും.
സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുന്‍പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിനും വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തന്നതിനും വില്ലേജ് ഓഫീസര്‍/തദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജനീയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അയക്കാം. അപേക്ഷ ഫോറം www.minoritywelfare.Kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.