സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എ എ വൈ കാര്‍ഡ് ഉടമ ചാലാടെ എം ശാരദക്ക് നല്‍കി നിര്‍വ്വഹിച്ചു. തുണിസഞ്ചി അടക്കം 14 ഇന സാധനങ്ങളാണ് കിറ്റിലുള്ളത്. 6,62,974 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമാണ് കിറ്റ് നല്‍കുക. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 1, 2, 3 തീയതികളിലാണ് വിതരണം ചെയ്യുക. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായി സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ സൗകര്യം ഒരുക്കും.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ് സുഭീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ടി എന്‍ സജീവ് എന്നിവര്‍ സംബന്ധിച്ചു.